Wednesday 13 February 2013

സ്വപ്നങ്ങളുടെ താഴ്വരയില്‍ സര്‍പ്പഗന്ധികള്‍ പൂക്കാന്‍ തുടങ്ങുകയായിരുന്നു ...പടിഞ്ഞാറന്‍ കാറ്റിന്‍റെ സംഗീതത്തിലെവിടെയോ താളം തെറ്റിയ പല്ലവികള്‍ കാലിടറി വീണു .........ഉഷ്ണം കലര്‍ന്ന തണുപ്പില്‍ പരസ്പരം കെട്ടിപ്പുണര്‍ന്നുകൊണ്ട് അരയാലും ആര്യവേപ്പും പാതിമയങ്ങി ......ചുറ്റിലുമുള്ള ചാരക്കണ്ണുകളെ  കുറച്ചു നേരത്തേക്ക് അവ മറന്നുകാണും ....സ്വരതന്ത്രികള്‍ പൊട്ടിയ കല്ലോലിനിയായി ഞാന്‍ ഒഴുകുകയായിരുന്നു ...................കര്‍മ്മ പന്ഥാവിലൂടെ.............

Monday 11 February 2013

പൂനിലാവൂഞ്ഞാലാട്ടും
പുഷ്പവള്ളിയില്‍ വന്നിരിക്കും
നിശാശലഭമേ .............
ആരു ചാര്‍ത്തി നിന്‍ മേനിയില്‍
പുതുവെള്ള തുന്നിയ കമ്പളം ?
മഞ്ഞുതുള്ളിയില്‍ മുങ്ങിയുള്ളോരു
ഭാവനാ ഭവനത്തിലെ
പുഷ്പവാടിയില്‍ വന്നിരിക്കുക
തുമ്പമലരുകള്‍ പോലവേ ..
കാറ്റു കാണുകില്‍ കണ്ണു തട്ടുമാ
പൂഞ്ചിറകിലെ കാഴ്ചകള്‍ !!!
കടം വാങ്ങുമീ വെണ്മയെ
പുതു നിശാഗന്ധികള്‍ പോലുമേ ...!!
മയില്‍പ്പീലികള്‍ കണ്ണിറുക്കുമീ
കാല്പ്പനീകക്കുളിരിതില്‍
മെല്ലെ മെല്ലെയടുത്തു വന്നു
പിടിച്ചൊരുമ്മ തരട്ടയോ .........???

Saturday 9 February 2013

സംഭാവന

വികസനം കുളം തൂര്‍ക്കും കാലത്ത് 
ഞാനൊരു കുളം കുഴിച്ചു .........!!!!
പാരമ്പര്യത്തിന്‍റെ 
കൊമ്പു മുളച്ച മത്സ്യങ്ങളെ 
അതില്‍ നീന്താന്‍ വിട്ടു ..
പതുക്കെപ്പതുക്കെ 
അവരാക്കുളം വലുതാക്കും ..
തല കറുപ്പിക്കും ബാല്യങ്ങള്‍ 
ഷവര്‍ ബാത്തില്‍ 
നഗ്നരായാടുമ്പോള്‍ 
കല്‍പ്പടവുകളിലെ 
സൌഹൃദപ്പേച്ചുകള്‍ 
ജലതരംഗങ്ങളാകുന്നു ....
അക്കരെയിക്കരെ മത്സരിക്കാന്‍ 
നീരിനാല്‍ പൂക്കുറ്റി തീര്‍ക്കാന്‍ 
ഊളിയിട്ടപ്പുവിന്‍ മുണ്ടഴിക്കാന്‍ 
തോളില്‍ ചവുട്ടി മറിഞ്ഞു ചാടാന്‍ 
നഗരം  മടുക്കും 
നാഗരികര്‍ക്കായ് 
പണിതുവയ്ക്കുന്നു 
കാവും കുളക്കടവും 
തറകെട്ടിയൊരാലും 
ഒരു കറുകപ്പുതപ്പും ........


Friday 8 February 2013

തനിയാവര്‍ത്തനം

ആരുനല്‌കിയൊരാജ്ഞയാല്‍ വന്നു നീ 
പിറക്കാത്തവര്‍ മരിക്കും അറയ്ക്കുള്ളില്‍ .........?
ചന്ദ്രവംശത്തിന്നചാരനീതികള്‍ 
തന്ത്രശാലികള്‍ നിങ്ങള്‍ മറന്നുവോ ?
ഒരുവേള വഴിതെറ്റി വന്നുവോ സോദര 
എകാംബരധാരിണിയെന്നറിയാതെ 
ആകുകില്‍ പോകശുദ്ധിക്കിടംപെടാ -
തുമ്മറപ്പടി താണ്ടാതെ സോദരാ .....
ആരെഴുതി നിന്‍ ജാതകം ദ്രൌപതി ??
ഓര്‍ത്തു തെല്ലിട നിന്നു ദുശ്ശാസ്സനന്‍ 
പിന്നെ ഉള്ളില്‍ ഒളിപ്പിച്ച ദംഷ്ട്രകള്‍ 
കാട്ടിയട്ടഹസിച്ചു കുബുദ്ധിമാന്‍ 
പാണ്ഡവര്‍ക്കു വിരിച്ച പൂമെത്തയില്‍ 
കൌരവ വിയര്‍പ്പിന്‍ ഗന്ധമേല്‍ക്കുകില്‍ 
ആശ്രയമാരുമില്ലാത്ത പൈതലേ 
വേണ്ടയെന്നു നീ ചൊല്ലുമോ ചൊല്ലുക ??
ശങ്കയുള്ളിലോളിപ്പിച്ച കണ്ണുകള്‍----==-_ 
കൊണ്ടൊരേറുകൊണ്ടത്തനു തളര്‍ന്നവന്‍ 
അഗ്രജന്‍ വാക്കില്‍ നിന്നെടുത്തൂര്‍ജ്ജത്താല്‍ 
നീണ്ട വാര്‍മുടി ചുറ്റിപ്പിടിച്ചുടന്‍ 
കേള്‍ക്ക നീയഭിസാരികേ നിന്നെയും 
ചൂതുവെച്ചു കളിച്ചു ഹതാശികള്‍ 
പാണ്ഡവരവരല്ല ശിഖണ്‍ഡികള്‍
പാണ്ഡ്ു വംശത്തിലെ വിഡ്ഢി രാക്ഷസ്സര്‍ !!
ആകുമോ അവര്‍ക്കെന്നെ ജയിക്കുവാന്‍ 
ശകുനി മാമന്‍റെ ബുദ്ധി ജയിക്കുവാന്‍ ??
ഒന്നറിയുവാനുണ്ട് കേള്‍ക്കട്ടെയെന്‍ 
ഭീമനെന്നെ പണയമായ്‌ ചൊല്ലിയോ ??
ഭീമനെന്നുള്ള വാക്കടിയേല്‍ക്കയാല്‍ 
ഭീമമായൊന്നലറീ ദുശ്ശാസ്സനന്‍ 
പഞ്ചപാണ്ഡവര്‍ വെച്ചിരിക്കും നിന്‍റെ 
പഞ്ചതയടക്കീടുമേയിന്നു ഞാന്‍ 
എന്നു ചൊല്ലിയാ പെണ്ണിന്‍ മുടിപിടി -
ച്ചാര്‍ത്തഴിച്ചു ചൂതാടികള്‍ മദ്ധ്യത്തില്‍ ,
കാണ്ക ലോകമേ കമനീയ മേനിയില്‍ 
കരപുരണ്ടോരീ ചാരു ചിത്രങ്ങള്‍ 
നിര്‍ന്നിമേഷനായ് നിന്നുപോലന്ധനും 
നിഴല്‍ ചിത്രത്തില്‍ പൊങ്ങിയമരുവാന്‍ 
ഇത്ര കാലമായ് കാത്തുവെച്ചുള്ളോരീ 
കണ്ണുനീര്‍ പോലെ ശുദ്ധാഭിമാനമ്മി -
ന്നീ കഴുകന്മാര്‍ക്കു കൊത്തിപ്പറിക്കുവാന്‍ 
നല്‍കിയോ ലുപ്ത മാനവ സ്നേഹമേ ...!!!!
ഇടനെഞ്ചില്‍ ഉരുകും ശരീരത്തിന്‍ 
പൊള്ളലേറ്റലറിപ്പറഞ്ഞീടിനാള്‍ 
ചേലയൂരുന്ന കാമനീരാളികള്‍ 
കാലങ്ങളിലേക്ക് കയ്യുകള്‍ നീട്ടും ....
ആകയാലെന്നനുജത്തിമാരെയീ 
ചോരയില്‍ നിങ്ങള്‍ ശക്തി കലര്‍ത്തുക ....
നാവാടും തീയുകള്‍ നീളെപ്പരത്തുക 
നാശം ചെറുക്കുവാന്‍ ലോകം ജയിക്കുക .......!!!!